News

കേരള കൗമാര സമ്മേളന പ്രമേയം പ്രകാശനം ചെയ്തു

കോഴിക്കോട്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഘടനയായ ടീന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന കേരള കൌമാര സമ്മേളനം ഏപ്രിലില്‍ മലപ്പുറത്തു നടക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിക്കുകയും വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്യും. ആറു വേദികളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രഭാഷണങ്ങളും കലാ അവതരണങ്ങളും പ്രായോഗിക പരിശീലനങ്ങളും പ്രദര്‍ശനങ്ങളും ഉണ്ടാകും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത ആയിരത്തോളം വിദ്യാര്‍ഥിപ്രതിഭകളാണ് സമ്മേളന പ്രതിനിധികളായി പങ്കെടുക്കുക. അവസാനദിവസം നടക്കുന്ന പൊതുസമ്മേളനത്തില്‍ പതിനായിരം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ സംഗമം നടക്കും. നന്മയുടെ ലോകം ഞങ്ങളുടേത് എന്നാണ് സമ്മേളനത്തിന്റെ പൊതു പ്രമേയം. സമ്മേളനത്തിന്റെ തീം പ്രകാശനം ജമാഅത്തെ ഇസ്ലാമി കേരള അമീറും ടീന്‍ഇന്ത്യയുടെ മുഖ്യരക്ഷാധികാരിയുമായ എം.ഐ അബ്ദുല്‍അസീസ് ടീന്‍ഇന്ത്യ കൂട്ടുകാര്‍ക്ക് നല്കി കൊണ്ട് പ്രകാശനം ചെയ്തു. കൌമാര പ്രായത്തിലുള്ള വിദാര്‍ഥികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും അവരെ കരുവാക്കിക്കൊണ്ട് പണം വാരുന്ന വിപണിതന്ത്രങ്ങളെയും സമ്മേളപ്രചാരണങ്ങളില്‍ തുറന്നുകാട്ടും. കൌമാരത്തിന്റെ നന്മകളും ഊര്‍ജവും മനുഷ്യക്ഷേമത്തിനും സേനവത്തിനും ഉപയോഗിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. തെരുവു നാടകം, പാട്ടുകൂട്ടം, പ്രദര്‍ശനം, കവലപ്രസംഗം തുടങ്ങി കൌമാരക്കാരുടെ കഴിവുകള്‍ കാഴ്ചവെക്കുന്ന രീതിയിലാണ് പ്രചാരണങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ടീന്‍ഇന്ത്യ രക്ഷാധികാരി അബ്ബാസ് വി കൂട്ടില്‍, സമ്മേളന ജനറല്‍ കണ്‍വീനര്‍ ജലീല്‍ തൃശൂര്‍, പ്രചരണ വിഭാഗം കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാല്‍ വടകര, ഓഫീസ് സെക്രട്ടറി ഷംസുദ്ദീന്‍ വേളം എന്നിവര്‍ പങ്കെടുത്തു.
 

Main:
Secondary:
Outline:
Footer:
Menu: