About Us

മലര്‍വാടി ബാലസംഘം

കുട്ടികളില്‍ വിജ്ഞാനത്തോടൊപ്പം മൂല്യബോധവും സര്‍ഗാത്മകതയും സാമൂഹികാവബോധവും വളര്‍ത്തിയെടുക്കുവാനായി രൂപം നല്‍കിയ കൂട്ടായ്മയാണ് മലര്‍വാടി ബാലസംഘം. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന കൂട്ടുകാരാണ് മലര്‍വാടി ബാലസംഘത്തില്‍ അംഗങ്ങളാവുന്നത്. 2003 ലാണ് കേരളത്തില്‍ മലര്‍വാടി ബാലസംഘം ഒരു സംഘടനയായി രൂപം കൊണ്ടത്. അതിന് മുമ്പ് മലര്‍വാടി മാസികയുടെ കീഴിലായിരുന്നു ബാലസംഘത്തിന്റെ പ്രവര്‍ത്തനം .

ശ്രദ്ധേയമായ പരിപാടികള്‍

ബാലോല്‍സവം

ബാലോല്‍സവം വേനലവധിക്കാലം കുട്ടികള്‍ക്ക് കൂട്ടുചേരാനും ഉല്ലാസപ്രദമാക്കാനും എല്ലാ വര്‍ഷവും ഒരുമയുടെ പുഞ്ചിരി എന്ന പേരില്‍ ബാലോത്സവം സംഘടിപ്പിക്കുന്നു. "കളിമുറ്റം" എന്ന പേരില്‍ പ്രാദേശികതലങ്ങളില്‍ രസകരമായ മത്സരങ്ങളും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. ആയിരത്തി ഇരുനൂറോളം പ്രദേശങ്ങളില്‍ നടക്കുന്നഈ മത്സരങ്ങള്‍ പലയിടങ്ങളിലും ഗ്രാമോത്സവങ്ങള്‍ എന്ന രീതിയില്‍ ശ്രദ്ധേയമായിരുന്നു. ഏരിയാ ബാലോല്‍സവം "കളിക്കളം" എന്ന പേരിലാണറിയപ്പെടുന്നത്.മത്സരങ്ങള്‍ വിളിച്ചറിയിച്ചുകൊണ്ട് കുട്ടികളുടെ വിളംബര ഘോഷയാത്രയും വീടുകള്‍തോറും കയറിയിറങ്ങി കുട്ടികളെ ക്ഷണിക്കലും കുട്ടികള്‍ സ്വയം തയ്യാറാക്കിയ പോസ്‌ററുകള്‍ പതിക്കലും ഇതിന്റെ ഭാഗമായി നടന്നുവരുന്നു.

Little Scholar വിജ്ഞാനോല്‍സവം

സംസ്ഥാനത്തെ എല്‍.പി - യു.പി ,ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി എല്ലാ വര്‍ഷവും വിജ്ഞാനോല്‍സവം സംഘടിപ്പിക്കുന്നു. കേരളത്തിലെ സകൂളുകളിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ തല മത്സരങ്ങളില്‍ പങ്കെടുക്കുന്നു . സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിലും മത്സരങ്ങള്‍ നടന്നു വരുന്നു. പൊതുവിജ്ഞാനം അളക്കുന്നതും പ്രവര്‍ത്തനാധിഷ്ഠിതവുമായ വിജ്ഞാന പരീക്ഷ ഏറെ താല്‍പര്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ സ്വാഗതം ചെയ്യാറുള്ളത് .ഓരോ തലത്തിലുമുള്ള വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു കൊണ്ടിരിക്കുന്നു. ഓരോ ജില്ലയില്‍ നിന്നും സ്‌കൂള്‍-സബ്ജില്ലാ-ജില്ലാ തലമത്സരത്തിലൂടെ മുന്‍പന്തിയിലെത്തിയ രണ്ട് വീതം വിദ്യാര്‍ഥികളാണ് സംസ്ഥാനതല മത്സരത്തിനെത്താറുള്ളത്. മുന്‍വര്‍ഷങ്ങളില്‍ നടന്ന വിജ്ഞാനോത്സവങ്ങളെല്ലാം സി.ഡി പുറത്തിറക്കുകയും പ്രമുഖ ചാനലുകളിലൂടെ വ്യത്യസ്ഥഭാഗങ്ങളായി പ്രക്ഷേപണം നടത്തുകയും ചെയ്തിരുന്നു

ഏരിയാതലത്തില്‍ വ്യത്യസ്ഥങ്ങളായ കലാ-സര്‍ഗ്ഗ മേഖലകളില്‍ നിന്നും പ്രതിഭകളാകുന്ന കുട്ടികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി പ്രതിഭാസംഗമങ്ങള്‍ സംഘടിപ്പിക്കുന്നു.

ഒരു കൈ ഒരു തൈ

കുട്ടികളില്‍ പാരിസ്ഥിതിക ബോധം ജനിപ്പിക്കുക, അവരുടെ കര്‍മ്മശേഷി ക്രിയാത്മകമായി വിനിയോഗിക്കുക എന്നീ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുകൊണ്ടാണ് ജൂലൈ മാസത്തില്‍ ഒരു കൈ ഒരു തൈ മരം നടീല്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. വിദ്യാലയം, വീട്, ആശുപത്രികള്‍, ആരാധനാലയങ്ങള്‍, നിരത്തുവക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരിക്കണക്കിന് തൈകള്‍ കാമ്പയിന്റെ ഭാഗമായി വെച്ചുപിടിപ്പിക്കുന്നു . പ്രാദേശികതലത്തില്‍ ഏറ്റവും കൂടുതല്‍ തൈ വെച്ചുപിടിപ്പിക്കുന്ന കുട്ടിക്ക് പ്രകൃതിമിത്രം അവാര്‍ഡ് നല്‍കുന്നു.

സംസ്ഥാന ബാലചിത്രരചനാ മത്സരം

വിവിധ കാറ്റഗറികളിലായി നഴ്‌സറി വിദ്യാര്‍ത്ഥികള്‍ മുതല്‍ ഹൈ സകൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഒരേ സമയം സംസ്ഥാന തല ബാലചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.ലക്ഷക്കണക്കിന്ന് വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാറുള്ളത് .

ചങ്ങാതിക്കൊരു വീട്

ചെറിയ പ്രായത്തില്‍ തന്നെ സാമൂഹികാവബോധം സൃഷ്ടിക്കുക എന്ന അടിസ്ഥാനത്തിലാണ് മലര്‍വാടി ചങ്ങാതി ക്കൊരു വീട് പദ്ധതി നടപ്പാക്കുന്നത് . വീടില്ലാത്ത പാവപ്പെട്ട കൂട്ടുകാര്‍ക്ക് മലര്‍വാടി ബാല സംഘം കൂട്ടുകാര്‍ സ്വന്തം വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പിരിച്ചെടുക്കുന്ന പണം കൊണ്ടാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

പാരന്റിംഗ്

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ക്കായി വിവിധ രീതിയിലുള്ള പാരന്റിംഗ് പരിപാടികള്‍ നടത്തി വരുന്നു. പുതിയ കാലത്തെ പാരന്റിംഗ് രീതികളെ പരിചയപ്പെടുത്തുന്നു.

ചില്‍ഡ്രന്‍ @ സ്റ്റേജ്

വിദ്യാര്‍ഥികളില്‍ ചില്‍ഡ്രന്‍ @ സ്റ്റേജ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന നാടക മത്സരം ശ്രദ്ധേയമാണ്.പ്രാദേശിക തലങ്ങളില്‍ നിന്നും വിദ്യാര്‍ഥികളുടെ ശ്രദ്ധേയമായ നാടകങ്ങള്‍ ജില്ലാ തലങ്ങളില്‍ അവതരിപ്പിക്കപ്പെടുകയും ജില്ലാ തലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങള്‍ സംസ്ഥാന തലങ്ങളില്‍ മാറ്റുരക്കുകയുമാണ് ചെയ്യാറുള്ളത്.

വിവിധ വിഷയങ്ങളില്‍ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുന്നതിന്നും മൂല്യബോധം പകര്‍ന്നു നല്‍കുന്നതിനുമായി വിവിധ വിഷയങ്ങളില്‍ രണ്ടോ മൂന്നോ ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു

ഓഡിയോ ആല്‍ബങ്ങള്‍

കുട്ടികളില്‍ നന്‍മയും കാരുണ്യവും മൂല്യബോധവും വളര്‍ത്തുന്ന ആകര്‍ഷകമായ ഗാനങ്ങളും" കവിതകളും പുറത്തിറക്കുന്നു

വീഡിയോ ആല്‍ബങ്ങള്‍/ short films

കുട്ടികളില്‍ നന്‍മയും കാരുണ്യവും മൂല്യബോധവും ഉള്ള പുതിയ ദൃശ്യ സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ ആല്‍ബങ്ങള്‍ , short films എന്നിവ പുറത്തിറക്കുന്നു

Main:
Secondary:
Outline:
Footer:
Menu: